പാറമടയിൽ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ…കൊലപാതകമെന്ന് സംശയം
എറണാകുളം ജില്ലയിലെ അയ്യമ്പുഴ പാറമടയിൽ നിന്നും മൂന്ന് ദിവസം മുൻപ് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഒരു യുവാവിന്റേതാണെന്ന് പ്രാഥമിക നിഗമനം. കളമശേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധൻ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഏകദേശം 18-നും 30-നും ഇടയിൽ പ്രായമുള്ള ഒരാളുടേതാണ് മൃതദേഹമെന്നാണ് റിപ്പോർട്.
ശരീരത്തിന്റെ കാലിന്റെ എല്ലുകൾ മാത്രമാണ് പാറമടയിൽ നിന്ന് ലഭിച്ചത്. ഏകദേശം 165 സെന്റീമീറ്റർ ഉയരമുള്ള ആളുടേതാണ് ഈ അവശിഷ്ടങ്ങൾ. കാലിന്റെ മുകൾ ഭാഗത്ത് ഒരു കെട്ടുണ്ടായിരുന്നത് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. മൃതദേഹത്തിന് ഒരു മാസം മുതൽ നാല് മാസം വരെ പഴക്കമുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. കളമശേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധൻ ഡോക്ടർ സന്തോഷ് ജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.