മാവേലിക്കര നഗരസഭ ഭരണ സ്തംഭനം…. പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര്….. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിക്കെതിരെ…..

മാവേലിക്കര- മാവേലിക്കര നഗരസഭയിലെ ഭരണ സ്തംഭനത്തിന് കാരണം കോൺഗ്രസിലെ ഗ്രൂപ്പ് പോര് കാരണമെന്ന് ആരോപണം ഉയരുന്നു. കോൺഗ്രസ് അംഗം ചെയർമാനായ നഗരസഭയിൽ കൗൺസിലറായ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയുടെ ഇടപെടലാണ് നഗരസഭയിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതെന്നാണ് ആരോപണം വരുന്നത്. ഐ ഗ്രൂപ്പുകാരനായ ചെയർമാനെ എ ഗ്രൂപ്പുകാരനായ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി ഭരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി. പടിവാതിലിൽ എത്തി നിൽക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയുടെ പ്രവർത്തി കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് നൈനാൻ.സി.കുറ്റിശ്ശേരി വരുന്നതിനെ എതിർത്തിരുന്ന ഈ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി അവസാന നിമിഷം വരെ എൽ.ഡി.എഫിൽ നിന്നുള്ള ഒരു അംഗത്തെ ചെയർമാൻ ആക്കാൻ നീക്കം നടത്തിയിരുന്നു. ഡി.സി.സി സെക്രട്ടറി കെ.ആർ.മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കോൺഗ്രസ് അംഗത്തിന് ചെയർമാൻ സ്ഥാനം ലഭിച്ചത്. എന്നാൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തെ പരാജയപ്പെടുത്താനുള്ള നീക്കവും ഈ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി അവസാന നിമിഷം വരെ നടത്തിയിരുന്നു. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് അംഗങ്ങളുടെ പേരിൽ പാനൽ ഉണ്ടാക്കി കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വ്യക്തികൂടിയാണ് ഇയാൾ. അന്ന് എട്ടുനിലയിൽ പൊട്ടിയതിന്റെ പ്രതികാരമാണ് ഐ ഗ്രൂപ്പ് നോമിനിയായ നഗരസഭ ചെയർമാനെ ഭരിക്കാൻ അനുവദിക്കാതിരിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി തന്നെ പാർട്ടി ഡി.സി.സി അംഗമായ ചെയർമാന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നതിനെതിരെ കോൺഗ്രസിൽ തന്നെ അമർഷമുണ്ട്. ഇയാളെ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്ന് മാറ്റണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Related Articles

Back to top button