രാജ്യത്തെ ജനങ്ങൾ ബി ജെ പിയുടെ വികസന മോഡലിൽ വിശ്വസിക്കുന്നു; മമത ബാനർജി സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം നടന്ന ബി ജെ പി പരിപാടിയിലായിരുന്നു മോദിയുടെ കടന്നാക്രമണം. രാജ്യത്തെ ബി ജെ പിയുടെ വിജയക്കുതിപ്പിനെ പരാമർശിച്ച പ്രധാനമന്ത്രി, തിരുവനന്തപുരം കോർപ്പറേഷനിലെ ചരിത്ര വിജയമടക്കം എടുത്തുപറഞ്ഞുകൊണ്ടാണ് സംസാരിച്ചത്. ജയിക്കില്ലെന്ന് കരുതിയ പലയിടങ്ങളിലും ബി ജെ പി വലിയ വിജയമാണ് നേടുന്നതെന്നും, രാജ്യത്തെ ജനങ്ങൾ ബി ജെ പിയുടെ വികസന മോഡലിൽ പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും പറഞ്ഞു. ഇത്തവണ പശ്ചിമ ബംഗാളിലും ബി ജെ പി വലിയ വിജയം സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബംഗാളിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരാൻ ബി ജെ പി സർക്കാർ അധികാരത്തിൽ വരണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.

തൃണമൂൽ കോൺഗ്രസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കേന്ദ്ര സർക്കാർ പാവങ്ങൾക്കായി അയക്കുന്ന പണം തൃണമൂൽ കോൺഗ്രസ് കവർച്ച ചെയ്യുകയാണെന്നും അവർ ബംഗാളിലെ ജനങ്ങളുടെ ശത്രുവാണെന്നും മോദി ആരോപിച്ചു.  ബംഗാളിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്നും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് സർക്കാരിന് യാതൊരു ചിന്തയുമില്ലെന്നും മോദി കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പശ്ചിമ ബംഗാളിലെ മാൾഡ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹൌറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ ട്രെയിൻ സർവീസിനാണ് മാൾഡ സ്റ്റേഷനിൽ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയത്. വികസിത് ഭാരതത്തിലെ ട്രെയിനുകൾ എങ്ങനെയായിരിക്കുമെന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലൂടെ എല്ലാവർക്കും വ്യക്തമാകുമെന്ന് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയിലെ ട്രെയിനുകൾ ആധുനികം മാത്രമല്ല ആത്മനിർഭർ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button