ക്ഷേത്രത്തിന് മുന്നിലെ കൊടിമരത്തിലെ കാവി കൊടി പൊലീസ് അഴിപ്പിച്ചു…

കൊല്ലം: കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലെ കൊടിമരത്തിലെ കാവി കൊടി പൊലീസ് അഴിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. കാവികൊടികള്‍ ക്ഷേത്ര പരിസരത്ത് ഉയര്‍ത്തിയതിനെതിരെയും പരാതിയിലുണ്ടായിരുന്നു. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിൻ്റെ പരാതിയിൽ കടയ്ക്കൽ പൊലീസാണ് കേസെടുത്തത്.
ക്ഷേത്രോത്സവ ഗാനമേളയില്‍ ഗണഗീതം പാടിയെന്ന കേസില്‍ നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതികൾ. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തിരുന്നു. ഗാനമേളയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്നായിരുന്നു എഫ്ഐആറിൽ.



