നഗരത്തിൽ നാളെ ബോംബ് സ്ഫോടനം ഉണ്ടാകും.. ഇന്ത്യയിൽ എത്തിയിരിക്കുന്നത് 14 പാക്കിസ്ഥാനി ഭീകരർ..
ട്രാഫിക് പോലീസിന്റെ കൺട്രോൾ റൂമിലെ വാട്‌സാപ് ഹെൽപ്‌ലൈനിലേക്ക് വന്ന ഭീഷണി സന്ദേശത്തിന് പിന്നാലെ സുരക്ഷ പരിശോധനകൾ ശക്തമാക്കി പോലീസ്. ഗണേശോത്സത്തിന്റെ സമാപന ദിനമായ നാളെ മുംബൈ നഗരത്തിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് അജ്ഞാത ഭീഷണി സന്ദേശത്തിൽ പറയുന്നത്. ചാവേറുകൾ മനുഷ്യ ബോംബുകളായി 34 വാഹനങ്ങളിൽ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും ഇത് നഗരത്തെ പിടിച്ചുകുലുക്കുമെന്നുമാണ് ഭീഷണി. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി മുബൈ നഗരം ഒരുങ്ങി നിൽക്കവെയാണ് ഇത്തരമൊരു അജ്ഞാത ഭീഷണി സന്ദേശം എത്തുന്നത്.
സന്ദേശത്തിൽ 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ എത്തിയതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും പറയുന്നു. സ്ഫോടനത്തിലൂടെ ‘‘ഒരു കോടി ആളുകളെ കൊല്ലാൻ കഴിയുമെന്നും’’ സന്ദേശത്തിലുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ മുംബൈയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ആന്റി ടെററിസം സ്‍ക്വാഡിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ലഷ്കർ-ഇ-ജിഹാദി’ എന്നാണ് സന്ദേശം അയച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. തങ്ങളുടെ സുരക്ഷ ഇദ്യോഗസ്ഥർക്ക് എല്ലാ ഭീഷണിയെയും നേരിടാനാവുമെന്നും എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പരിശോധനകൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.