ബസ് സ്റ്റോപ്പിൽ നിന്ന് യുവതിയുടെ മാല പൊട്ടിച്ച് കടന്നു…യുവാവിനെ പോലീസ്…
The police arrested the young man for breaking the necklace of the young woman from the bus stop.
കോട്ടയം: യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തിയേഴിൽ വീട്ടിൽ ജിജി കെ ആന്‍റണി (36) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. 19ന് രാവിലെ 6:45 മണിയോടുകൂടി മന്ദിരം ബസ് സ്റ്റോപ്പിന് സമീപം വച്ച് വഴിയിലൂടെ നടന്നുവരികയായിരുന്ന യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന മാല സ്കൂട്ടറിലെത്തിയ ഇയാൾ പൊട്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്‍റെ പ്രത്യേക നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി, മണർകാട് എന്നീ സ്റ്റേഷൻ പരിധികളിൽ സമാനമായ രീതിയിൽ മാല കവർച്ച ചെയ്ത് കടന്നുകളഞ്ഞത് ഇയാളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ഇയാൾക്ക് തൃക്കൊടിത്താനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ വി എസ്, എസ് ഐ വിഷ്ണു വി വി, എ എസ് ഐ അഭിലാഷ് കെ എസ്, സി പി ഒമാരായ റിങ്കു സി ആർ, അരുൺകുമാർ, സഞ്ചിത്ത്, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.