പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചത് ഈ മാസം 16ന്; എംഒയുവിന്റെ പകർപ്പ് പുറത്ത്

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിവരം മറച്ചുവെച്ച് സംസ്ഥാന സർക്കാർ നാടകം കളിച്ചത് ഒരാഴ്ചയോളം. പദ്ധതി ഒപ്പുവച്ചത് ഈ മാസം 16ന്. 22ന് മന്ത്രിസഭാ യോഗം ചേർന്നപ്പോഴും ഇക്കാര്യം മന്ത്രിസഭയെ അറിയിച്ചിരുന്നില്ല. യോഗത്തിന് മുമ്പേ തന്നെ പിഎം ശ്രീയിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചു. എംഒയുവിന്റെ പകർപ്പ് പുറത്ത്.
22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകരുതെന്നടക്കം ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രിയടക്കമുള്ളവർ ഒഴിഞ്ഞുമാറുകയായിരുന്നു. പദ്ധതിയിൽ ഒപ്പിട്ട വിവരം സിപിഐയിൽ നിന്നടക്കം മറച്ചുവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്. പാർട്ടിയെയും മുന്നണിയെയും ഇരുട്ടിൽ നിർത്തിയാണ് പദ്ധതിയുമായി സഹകരിച്ച് സർക്കാർ മുന്നോട്ട് പോയത്. നേരത്തെ ഒപ്പുവെച്ചതിൽ ഗൂഢാലോചന ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.
പദ്ധതിയിൽ ഒപ്പുവച്ചതിന് പിന്നാലെ ആദ്യം പിന്തുണച്ചത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് അതിൽ നിന്ന് വ്യക്തമാണെന്നുമാണ് ബിനോയ് വിശ്വം ആരോപിച്ചു. ഇത്രയേറെ ഗൗരവമേറിയ വിഷയത്തിൽ ഒപ്പിടുമ്പോൾ ഘടകക്ഷികളെ അറിയിക്കാത്തതിന്റെ യുക്തി മനസിലാകുന്നില്ല. അതുകൊണ്ടാണ് സിപിഐ ആവശ്യമായ ചർച്ചകളും സമ്മതങ്ങളും ആവശ്യപ്പെട്ടത്. എന്തിനാണ് അനാവശ്യമായ തിരക്ക് കാണിച്ചതെന്ന് എല്ലാവർക്കും അറിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.



