വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഐസ്ക്രീം; പരാതി പറഞ്ഞപ്പോൾ സ്വിഗി ഇൻസ്റ്റമാർട്ടിന്റെ പ്രതികരണം കേട്ട് ഞെട്ടി യുവാവ്

ഓർഡർ ചെയ്ത ഉപഭോക്താവിന് വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഐസ്‌ക്രീം. സ്വിഗി ഇൻസ്റ്റമാർട്ടിനെതിരെ സമൂഹമാധ്യമത്തിൽ ആരോപണമുന്നയിച്ച് ഉപഭോക്താവ്. റെഡിറ്റിലാണ് സ്വിഗിക്കെതിരെ ആരോപണവുമായി ഉപഭോക്താവ് രംഗത്തുവന്നിരിക്കുന്നത്. 100 രൂപ വിലയുള്ള അമൂലിന്റെ ഐസ്‌ക്രീം ഓർഡർ ചെയ്തപ്പോൾ കിട്ടിയത് കാലാവധി കഴിഞ്ഞ ഐസ്‌ക്രീമാണെന്നാണ് പരാതി. ഐസ്‌ക്രീമിന്റെ കവർ ഉൾപ്പെടെയാണ് ആരോപണം ഉന്നയിച്ചത്. സംഭവം വിതരണം ചെയ്ത സ്വിഗിയുടെ ഇൻസ്റ്റമാർട്ടിനോട് പറഞ്ഞപ്പോൾ ഉണ്ടായ കാര്യങ്ങളാണ് വ്യാപകവിമർശനത്തിന് കാരണമായിരിക്കുന്നത്.
ആരോപണം ഉന്നയിച്ച വ്യക്തി രണ്ട് ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഐസ്‌ക്രീം കവറിന്റെ ഫോട്ടോയും ഇൻസ്റ്റമാർട്ട് എക്‌സിക്യൂട്ടീവിനോട് പരാതി പറഞ്ഞതിന്റെ സ്‌ക്രീൻ ഷോട്ടും. പരാതി പറഞ്ഞതിന് ശേഷം സ്വിഗി ഇൻസ്റ്റമാർട്ടിന്റെ പ്രതികരണമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. നിങ്ങൾ മൂന്നുരൂപ റിഫണ്ടിന് അർഹനാണ് എന്നായിരുന്നു ഇൻസ്റ്റമാർട്ടിൽ നിന്നുള്ള മറുപടി. പലതരത്തിലുള്ള പ്രതികരണമാണ് പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.
‘ഉൽപ്പന്നത്തിൽ സംതൃപ്തനല്ല എന്നാണ് നിങ്ങൾ ചാറ്റ് ബോക്‌സിൽ പറഞ്ഞിരുന്നെങ്കിൽ മുഴുവൻ തുകയും റിഫണ്ട് ലഭിക്കുമായിരുന്നു എന്നാണ് ഒരാളുടെ മറുപടി. നമ്മളിത് അവിടെ ഉപേക്ഷിക്കും എന്നു കരുതിയാണ് എഐ ചാറ്റ് ബോട്ടുകൾ ഇങ്ങനെ പ്രതികരിക്കുന്നതെന്നും’ അയാൾ പറയുന്നു. മറ്റൊരാൾ ശീതികരിച്ച ഉൽപ്പന്നങ്ങൾ ഇൻസ്റ്റന്റ് ഡെലിവറി സംവിധാനം ഉപയോഗിച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചാണ് പറയുന്നത്. പരമാവധി ശീതീകരിച്ച ഉൽപ്പന്നങ്ങൾ ഇങ്ങനെ വാങ്ങരുതെന്നും അദ്ദേഹം പറയുന്നു.



