എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ല; പി കെ കുഞ്ഞാലിക്കുട്ടി, ഐക്യനീക്കത്തില്‍ നിന്നും പിന്മാറിയതിന് കാരണം..

എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമദൂര നിലപാട് എന്ന ആശയമാണ് എന്‍എസ്എസിനെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതിന് പിന്നാലെയാണ് പ്രതികരണം. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു ഐക്യനീക്കം. അത് മനസ്സിലാക്കി എന്‍എസ്എസ് പിന്മാറുകയായിരുന്നു. എസ്എന്‍ഡിപിയും ഒരുകാലത്ത് സ്വതന്ത്രനിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പിന്നീട് വ്യതിയാനം സംഭവിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാനുള്ള മുഖ്യകാരണം ചര്‍ച്ചയ്ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ അയയ്ക്കാനുള്ള തീരുമാനമാകാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ വൈസ് പ്രസിഡന്റ് മാത്രമല്ല, ബിജെപിയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്റെ ചെയര്‍മാന്‍ കൂടിയാണ്. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണ്. തുഷാര്‍ വെള്ളാപ്പള്ളി അവിടെ ചെല്ലുമ്പോള്‍ പ്രോ ബിജെപി ലൈനിലേക്ക് പോകുമോ എന്ന സംശയം എന്‍എസ്എസിന് ഉണ്ടായിക്കാണും. സുകുമാരന്‍ നായര്‍ എല്ലാക്കാലത്തും ആന്റി ബിജെപി സ്റ്റാന്‍ഡ് എടുത്തിട്ടുള്ളയാളാണെന്നുമായിരുന്നു കെ മുരളീധരന്‍ പ്രതികരിച്ചത്.
പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

