മൃതദേഹ പരിശോധനയിൽ മരിച്ചെന്ന് കരുതിയയാൾ കാലനക്കി…ദിവസങ്ങൾക്ക് ശേഷം വീണ്ടും…

ആലപ്പുഴ: ആലപ്പുഴയിൽ ‘മരണം’ സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയ ആൾ ആറ് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് വീണ്ടും മരിച്ചു. സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ് (47) ആണ് മരിച്ചത്. ഈ മാസം 23 നാണ് രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സ്ഥിരീകരിച്ചത്.

ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന ബന്ധുവിന്റെ മൊഴിയിൽ പൊലീസ് സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിച്ച് അസ്വാഭാവിക മരണത്തിൽ എഫ് ഐ ആർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എഫ് ഐ ആർ ഇട്ടതിന് ശേഷം കൂടുതൽ പരിശോധനക്കായി സ്ഥലം ഡി വൈ എസ് പി മധു ബാബു സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ട്വിസ്റ്റാകുന്നത്.

ഇരുട്ടുമുറിയിൽ മൃതദേഹ പരിശോധന നടത്തുന്നതിനിടെ മരിച്ചുവെന്ന് കരുതിയ ആൾ കാലനക്കി. അതീവ ഗുരുതര സാഹചര്യത്തിലുണ്ടായിരുന്ന ഇയാളെ പിന്നീട് തുടർ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച പുലർച്ചെ റിയാസ് മരിച്ചു. ഇതോടെ അസ്വാഭാവിക മരണത്തിന് നോർത്ത് പൊലീസ് പുതിയ എഫ് ഐ ആർ ഇട്ടു. ഇതോടെ റിയാസിന്റെ മരണത്തിൽ രണ്ട് എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Back to top button