എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍…
കോഴിക്കോട് പറമ്പില്‍ കടവില്‍ എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി വിജേഷാണ് പിടിയിലായത്. ഓഹരി വിപണിയില്‍ നിക്ഷേപിച്ച പണം നഷ്ടമായതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത മൂലമാണ് എടിഎമ്മില്‍ മോഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.പുലര്‍ച്ചെ രണ്ടേ കാലോടെ പറമ്പില്‍ കടവ് പാലത്തിനു സമീപം പട്രോളിംഗ് നടത്തുകയായിരുന്നു കണ്‍ട്രോള് റൂമില്‍ നിന്നുള്ള പൊലീസ് സംഘം. ഷട്ടര്‍ താഴ്ത്തികിടന്ന ഹിറ്റാച്ചി എടിഎം കൗണ്ടറില്‍ നിന്നും അസാധാരണ ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയായിരുന്നു. കൗണ്ടറിനുള്ളില്‍ നിന്നും ഇലക്ട്രിക് കട്ടര്‍ ഉപയോഗിക്കുന്ന ശബ്ദമാണെന്ന് മനസിലായതോടെ ഷട്ടര്‍ ഉയര്‍ത്തി അകത്തു കടന്നു. അപ്പോഴാണ് അകത്ത് ഇലക്ട്രിക് കട്ടറുമായി നിന്ന മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി വിജേഷിനെ കണ്ടത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടിഎം മെഷീനിന്‍റെ ട്രേയോട് ചേര്‍ന്ന ഭാഗം ഇലക്ട്രിക് കട്ടറുപയോഗിച്ച് വിജേഷ് മുറിക്കാന്‍ മുറിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.