ആരാണ് ആ ഭാഗ്യവാൻ? ക്രിസ്മസ് ബംബർ തർക്കം, ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

ക്രിസ്മസ് ബംബർ തർക്കത്തിൽ നിലപാട് വ്യക്തമാക്കി ലോട്ടറി വകുപ്പ്. ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനത്തുക നൽകുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു. ലോട്ടറി ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണെന്നും വകുപ്പിന് പ്രധാനം ടിക്കറ്റിന്റെ വിശ്വാസ്യതയാണെന്നും കോടതി നിർദേശ പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ് ഐഎഎസ് വ്യക്തമാക്കി. ബംബറിൽ രണ്ടുപേർ അവകാശമുന്നിച്ചതിന് പിന്നാലെ 20 കോടി സമ്മാനത്തുക ഹൈക്കോടതി ഇടപെട്ട് തടഞ്ഞുവെച്ചിരിക്കയാണ്.
20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംബർ സമ്മാനത്തിന് അവകാശമുന്നയിച്ച് റിട്ട. എഎസ്ഐ കോടതിയെ സമീപിച്ചതോടെയാണ് ബംബർ വിവാദം ഉടലെടുത്തത്. പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ കെ സജിമോനാണ് ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് പൊലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഈ ടിക്കറ്റിനാണ് ഇദ്ദേഹം അവകാശവാദം ഉന്നയിച്ചത്.
പൊലീസിൽ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ. വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ നെയ്പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്, എന്നാലിത് ഓർമിക്കാതെ പാത്രത്തിന്റെ ഉടമയ്ക്ക് കൊറിയർ ചെയ്തുവെന്നായിരുന്നു സജിമോന്റെ വാദം. നെയ് പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും ഉൾപ്പെട്ടു. പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് ജനുവരി 30 നാണ് പാത്രം കൊറിയർ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു. ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ടാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇതിനോടകം ബംബർ സമ്മാനമടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായാണ് വിവരം.



