കോന്നി ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ ചരിഞ്ഞു..മരണകാരണം…
കോന്നി ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ ആറരയോടെ പാപ്പാനാണ് അഞ്ച് വയസ്സുള്ള കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. സംഭവത്തെ തുടർന്ന് കോന്നി ഇക്കോടൂറിസം കേന്ദ്രത്തിലേക്ക് ഇന്ന് സന്ദർശകർക്ക് പ്രവേശനം ഇല്ല. പോസ്റ്റ് മോർട്ടം നടത്തിയാലെ രോഗ കാരണം കണ്ടെത്താൻ കഴിയു. അസുഖ ബാധിതനായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി അറിയിച്ചു.
രാവിലെ ആനയെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് തന്നെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. വിനോദ സഞ്ചാരികളുടെ അരുമയായിരുന്നു അഞ്ചു വയസ്സുകാരൻ. 2021 ആഗസ്റ് 19ന് കോന്നി വനമേഖലയിലെ കൊച്ചു കോയിക്കൽ ഭാഗത്തു നിന്നുമാണ് ഇവനെ ലഭിച്ചത്. അപ്പോൾ കൊച്ചയ്യപ്പന് ഡോക്ടർ കണക്കാക്കിയ ഏകദേശ പ്രായം ഒരു വയസായിരുന്നു. വൈറസ് ബാധയാണ് മരണ കാരണമെന്നാണ് സംശയം.
ആറു വയസ്സ് കഴിഞ്ഞാൽ മാത്രമേ മറ്റ് ആനകളുടെ കൂടെ പാർപ്പിക്കൂ. ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് കൊച്ചയ്യപ്പൻ ചരിഞ്ഞത്. വനം വകുപ്പ് ഡോക്‌ടർ മറ്റ് വനം ജീവനക്കാർ എന്നിവർ സ്ഥലത്തു ഉണ്ട്. വൈറസ് ബാധ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ട്. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ കുട്ടിയാനയ്ക്ക് നൽകി വന്നിരുന്നു.
എരണ്ട കെട്ടു മൂലം ഇതിനു മുൻപും ഏറെ കുട്ടിയാനകൾ ഇവിടെ ചരിഞ്ഞിട്ടുണ്ട് . പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ ഒന്നും തന്നെ പുറം ലോകം കണ്ടിട്ടില്ല. കോന്നി ആനത്താവളം പിന്നീട് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ആസ്ഥാനമാക്കി. ആനകളെ നോക്കുവാൻ സ്ഥിരവും താൽക്കാലികവുമായി നിരവധി ജീവനക്കാർ ഉണ്ട്. നൂറുകണക്കിന് വിനോദ സഞ്ചാരികൾ ആണ് ആനകളെ അടുത്ത് കാണുവാൻ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായ കോന്നി ആനത്താവളത്തിൽ എത്തുന്നത്