‘ഇടതുപക്ഷത്തെ നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരങ്ങൾ’………. കേരളത്തിൽ ബിജെപി-സിപിഎം ബന്ധമെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും വർഗീയതയുടെ അദൃശ്യ കരങ്ങളാണ് നിലവിൽ ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണാർത്ഥം ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇടതുപക്ഷത്തെ ഒരു വിഭാഗം നേതാക്കൾക്ക് അധികാരത്തിൽ എത്താൻ ആരുടെ സഹായം സ്വീകരിക്കാനും മടിയില്ല. ബിജെപിയുമായി പോലും ഇവർ കൈകോർക്കുന്നു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന മറ്റൊരു വിഭാഗം നേതാക്കളുണ്ട്. എന്നാൽ അവർ ഇന്ന് സ്വന്തം നേതൃത്വത്താൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

ആർഎസ്എസിനെയും നരേന്ദ്ര മോദിയെയും ശക്തമായി എതിർക്കുന്നതിനാലാണ് താൻ വേട്ടയാടപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”ബിജെപിക്കെതിരെ പോരാടുന്നതിന്റെ പേരിൽ എന്റെ പേരിൽ ഇന്ന് മുപ്പത്തിയെട്ടോളം കേസുകളുണ്ട്. ബിജെപിയും നരേന്ദ്ര മോദിയും എന്നെയും കോൺഗ്രസിനെയും നിരന്തരം വേട്ടയാടുകയാണ്. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല. ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല.”

മതേതരത്വം സംരക്ഷിക്കാനും ഫാസിസത്തെ ചെറുക്കാനും യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധി വോട്ടർമാരോട് അഭ്യർത്ഥിച്ചു. ജി. സുധാകരനെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യം യുഡിഎഫിന് കരുത്തേകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button