‘എല്ലാം ചെയ്തു തന്നത് ഇടത് സർക്കാർ’…. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണയുമായി സമസ്ത

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്ത എപി വിഭാഗം. എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി സംഘടനയുടെ ഔദ്യോഗിക വീഡിയോ പുറത്തുവന്നു. കോഴിക്കോട് വെച്ച് ചേർന്ന നിർണ്ണായകമായ നേതൃയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ സർക്കാർ സംഘടനയ്ക്കും സമുദായത്തിനും വേണ്ടി ചെയ്ത കാര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. മണ്ഡലമോ സ്ഥാനാർത്ഥിയോ നോക്കാതെ ഇടത് മുന്നണിക്കൊപ്പം നിൽക്കാനാണ് അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും പാടില്ലെന്ന് കാണിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചുകൊണ്ട് യുഡിഎഫ് ജമാാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതിൽ സംഘടനയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്.
മുസ്ലിം ലീഗ് മുജാഹിദ് വിഭാഗത്തെ വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണം എപി വിഭാഗം നേരത്തെ തന്നെ ഉയർത്തിയിരുന്നു. ലീഗുമായും സമസ്ത ഇകെ വിഭാഗവുമായും ഉള്ള അകൽച്ചയാണ് ഇടത് അനുകൂല നിലപാടിലേക്ക് സംഘടനയെ നയിച്ചത്. മുസ്ലിം വോട്ടുകൾ നിർണ്ണായകമായ മലബാർ മേഖലയിലടക്കം എപി വിഭാഗത്തിന്റെ ഈ പരസ്യ പിന്തുണ എൽഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. രാഷ്ട്രീയത്തിനപ്പുറം വിശ്വാസപരമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇടത് ഭരണത്തുടർച്ച അനിവാര്യമാണെന്നാണ് സംഘടനയുടെ വിലയിരുത്തൽ.



