കേരളത്തിലെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്‍റെ മനസിൽ; കടുത്ത വിമർശനവുമായി എ എ റഹീം

ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് വീടുകൾ തകർത്ത സംഭവത്തിൽ മുസ്ലീം ലീഗിന്‍റെ നിലപാടിനെ വിമർശിച്ച് എ എ റഹീം എംപി. കോൺഗ്രസ് സ്വന്തം നയങ്ങൾ കൊണ്ടും സമീപനങ്ങൾ കൊണ്ടും ചെന്നു പെടുന്ന വലിയ കുഴികളിൽ നിന്നും അവരെ പരിക്ക് കൂടാതെ കൈപിടിച്ച് കയറ്റാൻ കരാർ പണിയെടുത്ത ഒരു കരാർ കമ്പനിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു.കർണാടകയിലെ ഫക്കീർ കോളനിയിൽ നിന്നും വസീം ലേ ഔട്ടിൽ നിന്നും ക്രൂരമായി കുടിയിറക്കപ്പെട്ടവരിൽ എല്ലാവരും മുസ്ലിങ്ങളും ദളിതരും മാത്രമാണ്.
പേരിൽ ഇന്ത്യൻ യൂണിയൻ എന്നൊക്കെയുണ്ടല്ലോ, രാജ്യത്തെ ‘മുസ്ലിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ലീഗ്’ കണ്ടീഷണൽ ആകുന്നതിന്‍റെ കാരണം യുക്തിസഹമായി വിശദീകരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ബുൾഡോസറുകൾ ഇടിച്ചു നിരത്തിയ കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കിടക്കേണ്ടി വന്ന മനുഷ്യരായിരുന്നില്ല, വരാനിരിക്കുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്‍റെ മനസിൽ. ‘കോൺഗ്രസിന് പോറലേൽക്കരുത്’എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ലീഗിന്.
പി കെ കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും നടത്തിയ ന്യായീകരണ ശ്രമങ്ങൾ വസ്തുതകൾക്കോ ധാർമികതയ്ക്കോ ഒട്ടും നിരക്കുന്നതായിരുന്നില്ല. ബിജെപി സർക്കാരുകൾ നടത്തിയ ബുൾഡോസർ രാജിൽ നിന്ന് വ്യത്യസ്തമാണ് കോൺഗ്രസ് നടത്തിയത് എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് കോൺഗ്രസിനുണ്ടായ ‘ഡാമേജ് മാനേജ്‌മെന്‍റ്’ മാത്രമാണ്.



