വയനാട്ടിൽ എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പണിതു…. പക്ഷെ യുഡിഎഫ് എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല…. ബൃന്ദ കാരാട്ട്

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സമാനതകളില്ലാത്ത വികസനമാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനകളെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നും അവർ പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

നരേന്ദ്ര മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നത്. അദാനി, അംബാനി, അമേരിക്ക എന്നീ മൂന്ന് ഘടകങ്ങൾക്കാണ് മോദി പ്രാധാന്യം നൽകുന്നത്. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ ബുൾഡോസർ രാഷ്ട്രീയം നടപ്പിലാക്കുന്ന കേന്ദ്ര അജണ്ട കേരളത്തിൽ നടക്കാത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം ഉള്ളതുകൊണ്ടാണെന്നും അവർ പറഞ്ഞു. വിവാദമായ എഫ്.സി.ആർ.എ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല. മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുന്നത് ഇടതുപക്ഷമാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

പ്രഖ്യാപനങ്ങൾ നടപ്പിലാക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. തെലങ്കാനയിലെയും കർണ്ണാടകയിലെയും സ്ഥിതി ഇതിന് ഉദാഹരണമാണ്. ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ പണം വാങ്ങി ബിജെപിയിൽ ചേരുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം സാഹചര്യത്തിൽ ജനങ്ങൾ എങ്ങനെ കോൺഗ്രസിനെ വിശ്വസിക്കുമെന്നും അവർ ചോദിച്ചു. വയനാട്ടിലെ ദുരന്തബാധിതർക്കായി എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് നിർമ്മിച്ചു. എന്നാൽ യുഡിഎഫ് എവിടെയാണെന്നും അവർ പിരിച്ച പണത്തിന്റെ കണക്ക് എവിടെയെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.

കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന സർക്കാരിന്റെ വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Back to top button