ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേതുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍…
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന വനിതകള്‍ക്കെതിരെ അയല്‍ക്കാരില്‍നിന്നും മോശം അനുഭവം ഉണ്ടാകുന്നുവെന്ന പരാതികള്‍ കൂടിവരുകയാണ്. ഇന്നത്തെ അദാലത്തിലും ഇത്തരം കേസുകള്‍ പരിഗണനയ്ക്കുവന്നു.
പലപ്പോഴും സ്വത്തില്‍ കണ്ണുവച്ചുള്ള ശല്യപ്പെടുത്തലുകളാണ് ഉണ്ടാവുന്നത്. മുതിര്‍ന്ന സ്ത്രീകള്‍ക്ക് വൈകാരികമായി ബന്ധമുള്ള കാര്യങ്ങളിലാവും ശല്യപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. മകനെ അടക്കംചെയ്ത ഭാഗത്തെ മരം മരുന്ന് വച്ച് കരിയിപ്പിച്ചു കളഞ്ഞതായ പരാതിയും ഇന്ന് പരിഗണനയ്ക്ക് എത്തി. ഇക്കാര്യത്തില്‍ ജാഗ്രതാ സമിതിയോട് ഇടപെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വത്ത് ഒരു ബന്ധുവിന്റെ പേരില്‍ എഴുതിവച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരില്‍നിന്നും ലഭിക്കുന്ന മോശം അനുഭവത്തിനെതിരെ പരാതിയുമായി മറ്റൊരമ്മയും ഇന്ന് അദാലത്തിനെത്തിയിരുന്നു.