‘കേരള സ്റ്റോറി 2’ കേരളത്തിൽ പ്രേക്ഷകർ കാണുന്നുണ്ടോ?

റിലീസിന് മുൻപ് ഇത്രയും വിവാദവും ചർച്ചയും സൃഷ്ടിച്ച മറ്റൊരു ചിത്രം കേരള സ്റ്റോറി 2 പോലെ ഉണ്ടായിട്ടില്ല. ട്രെയ്‍ലർ എത്തിയപ്പോൾ മുതൽ ആരംഭിച്ച വിവാദം കോടതിയിലേക്കും നീണ്ടു. ഒടുവിൽ കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് തടഞ്ഞ റിലീസ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. കോടതിവിധി അനുകൂലമായതോടെ അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഫെബ്രുവരി 27 ന് തന്നെ ചിത്രം തിയറ്ററുകളിൽ എത്തി. 2023 ൽ എത്തിയ ആദ്യ ഭാഗം പോലെ ഉത്തരേന്ത്യയിൽ ഒരു ട്രെൻഡ് സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. അതേസമയം ചിത്രം പ്രേക്ഷകർ കാണുന്നുമുണ്ട്. എന്നാൽ കേരളത്തിൽ ചിത്രത്തിന് പ്രേക്ഷകരുണ്ടോ? റിലീസ് ചെയ്ത് ആദ്യ ആറ് ദിനങ്ങളിൽ ചിത്രം കേരളത്തിൽ നിന്ന് എത്ര നേടിയെന്ന് നോക്കാം.

കേരളത്തിലെ ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ചിത്രം ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്. എന്നാൽ ഇന്ത്യയിൽ നിന്ന് ചിത്രത്തിന് ബോക്സ് ഓഫീസിൽ നമ്പറുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 23.75 കോടിയാണ്. നെറ്റ് കളക്ഷൻ ആവട്ടെ 20.15 കോടിയും. 20 കോടിയോളം മുടക്കുമുതൽ ഉണ്ടായിരുന്ന ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. അതിനാൽത്തന്നെ ആദ്യ ഭാഗത്തേക്കാൾ വലിയ ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കിയത്.

രണ്ട് ഭാഗങ്ങളുടെയും നിർമ്മാതാവ് ഒരേ ആൾ ആണെങ്കിലും സംവിധായകർ രണ്ട് പേരാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് സുദീപ്തോ സെൻ ആയിരുന്നെങ്കിൽ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായൺ സിംഗ് ആണ്. ചിത്രത്തിൻറെ ട്രെയ്‍ലറിൽ മലയാളികളിൽ നിന്ന് വലിയ ട്രോൾ നേരിട്ട രംഗമായിരുന്നു ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത്. ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതും യഥാർത്ഥ സംഭവത്തിൻ്റെ ആവിഷ്കാരമാണെന്നും സംവിധായകൻ പ്രതികരിച്ചിരുന്നു. ചിത്രത്തെ കനത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.

Related Articles

Back to top button