സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിന്‍വലിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി നടത്തിയ സമരം പിന്‍വലിച്ചു. സമരത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ഹൈക്കോടതി മീഡിയേഷന് സെന്ററില്‍ ചര്‍ച്ച നടത്താനാണ് നിര്‍ദേശം. മധ്യസ്ഥ ചര്‍ച്ചയുടെ ഫലം വ്യാഴാഴ്ച കോടതിയെ അറിയിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ സമരം പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിരവധി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയെന്നും അനുകൂല സമീപനത്തെ തുടര്‍ന്ന് സമരം നിര്‍ത്തിയെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് മറ്റ് ആശുപത്രി മാനേജ്മെന്റുകളുമായും ചര്‍ച്ച നടത്താനുള്ള ഹൈക്കോടതിയുടെ നിര്‍ദേശം. ചര്‍ച്ചയും സമരവും ഒരുമിച്ചു പാടില്ലെന്നാണ് ആശുപത്രി മാനേജ്മെന്റുകള്‍ സ്വീകരിച്ച നിലപാട്. സമരം പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും ജോലി തുടരണമെന്നും ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തു. ഹൈക്കോടതി ഇടപെട്ടതോടെ ശനിയാഴ്ച മുതല്‍ നഴ്സുമാര്‍ ജോലിക്ക് കയറാന്‍ സാധ്യതയുണ്ട്.


