ദുരന്തത്തിന് പിന്നാലെ ടിവികെ ഓഫീസ് പൂട്ടി… കരൂരിലെ നേതാക്കള്‍ പരിധിക്ക് പുറത്ത്…

നാല്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ നടന്‍ വിജയ് പങ്കെടുത്ത റാലിയിലെ അപകടത്തിന് പിന്നാലെ കരൂരിലെ ടിവികെ നേതാക്കള്‍ പരിധിക്ക് പുറത്ത്. കരൂര്‍ വെസ്റ്റ് ജില്ലയിലെ ആണ്ടാള്‍ കോവില്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസ് അപകടത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായ ജില്ലാ സെക്രട്ടറി വി പി മതിയഴകനെ ഉള്‍പ്പെടെ ബന്ധപ്പെടാനും സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെയെല്ലാം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കരൂര്‍ അപകടത്തില്‍ മതിയഴകന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലും കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടത്തിന് പിന്നാലെ പാര്‍ട്ടിയിലെ പല നേതാക്കളും കുടുംബത്തോടൊപ്പം പ്രദേശം വിട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ പോലും ടിവികെ നേതാക്കള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ, എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ ദുരന്ത മുഖത്തേക്ക് ഓടിയെത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറി പ്രദേശത്തുള്‍പ്പെടെ നേതാക്കള്‍ സജീവമായിരുന്നു. എന്നാല്‍ ഇവിടെയും ടിവികെ പ്രവര്‍ത്തകരുടെ അസാന്നിധ്യം പ്രകടമായിരുന്നു.

അപകടത്തില്‍ മരിച്ചവരില്‍ ടിവികെ അംഗങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വെങ്ങമേടുവില്‍ നിന്നുള്ള എസ്.മുരുകന്‍ എന്ന പ്രവര്‍ത്തകനെ ഗുരുതരാവസ്ഥയില്‍ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന വിജയ്‌യുടെ ആരാധക കൂട്ടായ്മയിലെ അംഗങ്ങളും ദുരന്തമേഖലയില്‍ എത്തിയിരുന്നില്ല. പൊലീസ് നടപടി ഭയന്ന് ഭയന്ന് പലരും വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ പോലും വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button