ഓട വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവം….അസ്വാഭാവിക മരണത്തിന് കേസ്…
കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. നവീകരണം നടന്നുവരികയായിരുന്ന ഹോട്ടലിൻ്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തമിഴ്‌നാട് കമ്പം സ്വദേശി ജയറാം, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മന്ത്രി റോഷി അഗസ്റ്റിന്‍ ജില്ലാ കളക്ടറോട് വിശദീകരണം തേടുകയും ചെയ്തു.
കട്ടപ്പന പാറക്കടവ് ഭാഗത്ത് ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനായി ആദ്യം ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണതോടെ ഇയാളെ രക്ഷിക്കുന്നതിനായി മറ്റ് രണ്ടുപേരും ഇറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരും ഓടയ്ക്കകത്ത് കുടുങ്ങി. തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനേയും അഗ്നിശമന വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.