ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്ത സംഭവം….അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി….
ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. ശാഖയിൽ മറ്റുള്ളവർക്കും അതിക്രമങ്ങൾ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നത്. ആർഎസ്എസ് നടപടിയെടുത്ത് ശുദ്ധി വരുത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ക്രൂരമായ കുറ്റകൃത്യത്തിൽ സംഘപരിവാർ മൗനം പാലിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എംപി എക്സിൽ കുറിച്ചു.
ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കിയതിൽ സിപിഎമ്മും ഡിവൈഎഫ്ഐയും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. കോട്ടയം എലിക്കുളം സ്വദേശി അനന്തു സജിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
കഴിഞ്ഞദിവസമാണ് ഐടി പ്രൊഫഷണൽ അനന്തു സജിയെ തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.