വ്യാപാര സ്ഥാപനത്തിൽ കയറി ലാപ്ടോപ്പുകളും മൊബൈൽ ഫോണും മോഷ്ടിച്ച സംഭവം… ഒരാൾ അറസ്റ്റിൽ….
കുളപ്പുള്ളി ചുവന്ന ഗേറ്റ് പരിസരത്ത് വ്യാപാര സ്ഥാപനത്തിൽ കയറി ലാപ്ടോപ്പുകളും മൊബൈൽ ഫോണും ഡിവിആറും സ്ഥാപനത്തിന് പുറത്തു നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനവും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതിയുമായി ഷോർണൂർ പൊലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞമാസം 22ന് രാത്രി 11 മണിയോടെയാണ് കുളപ്പുള്ളി ചുവന്ന ഗേറ്റിലെ ഏഷ്യൻ ഫർണിച്ചർ & ഹോം അപ്ലൈൻസസ് എന്ന സ്ഥാപനത്തിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയത്. സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ലാപ്ടോപ്പുകളും ഒരു മൊബൈൽ ഫോണും, സിസിടിവി – ഡി വി ആറും മോഷ്ടിച്ച സംഘം സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനവും കൊണ്ടുപോയി.
സംഭവത്തിൽ ഷോർണൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഒരാൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയായ മുപ്പതുകാരൻ മുത്തുകുമാരനാണ് അറസ്റ്റിലായത്. പൊലീസിന്റെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം മായന്നൂർ പാലത്തിന് സമീപത്തു നിന്നും കണ്ടെത്തി. മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ചിലത് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഒരു ലാപ്ടോപ്പും ഒരു ഡിവിആറും പ്രതികളിൽ നിന്നും കണ്ടെടുക്കാനുള്ളതായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം റെയിൽവേ ക്വാട്ടേഴ്സിന് സമീപത്ത് താമസിച്ചു വരുന്നതിനിടെ പരിചയപ്പെട്ട രണ്ടുപേരെയും കൂട്ടിയാണ് പ്രതി മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.