എസ്എഫ്ഐ മുൻ നേതാവിനെ മർദിച്ച സംഭവം….അന്വേഷണ റിപ്പോർട്ട് പുറത്ത്….
തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തില്‍ കോന്നി സിഐയായിരുന്ന മധുബാബുവിനെതിരെ നൽകിയ അന്വേഷണ റിപ്പോർട്ട് പുറത്ത്. മുൻ എസ്പി ഹരിശങ്കറാണ് റിപ്പോർട്ട് നൽകിയത്. 2016ലാണ് ഡിജിപിക്ക് മധുബാബുവിനെതിരെ നടപടി ശുപാർശ ചെയ്തത്. സ്ഥിരമായി കസ്റ്റഡി മർദ്ദനം നടത്തുവെന്നായിരുന്നു റിപ്പോർട്ട്. കൂടാതെ ക്രമസമാധന ചുമതലയിൽ വയ്ക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്തിരുന്നു. എന്നാല്‍, അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മധുബാബു അനുകുല ഉത്തരവ് വാങ്ങുകയായിരുന്നു. എസ്പി ഹരിശങ്കറിന്‍റെ റിപ്പോർട്ട് തള്ളി മധു ബാബുവിന് സ്ഥാനക്കയറ്റവും നൽകുകയായിരുന്നു.
2012ൽ നടന്ന കസ്റ്റഡി മർദനം വിവരിച്ച് മുൻ എസ്എഫ്ഐ നേതാവായിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചെന്നും കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. മധു ബാബുവിനെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.