ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം…. സീനിയര്‍ അഭിഭാഷകന്‍ ഒളിവില്‍…

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍. ഓഫീസില്‍ നിന്നും ഇറങ്ങിയ ബെയ്‌ലിന്‍ വീട്ടിലെത്തിയിട്ടില്ല. ഇയാള്‍ എവിടേക്കാണ് പോയതെന്ന് അറിയില്ലെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ബെയ്‌ലിന്‍ ദാസിനായി വഞ്ചിയൂര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം.

ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്‌ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചു.

വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് അഭിഭാഷകന്‍ ശ്യാമിലിയെ മർദിച്ചത്. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദനമുണ്ടായതെന്നും കണ്ടുനിന്നവര്‍ ആരും എതിര്‍ത്തില്ലെന്നും ശ്യാമിലി ആരോപിച്ചു.

Related Articles

Back to top button