ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം…ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ…
വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലുള്ള രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ വയനാട് ജില്ലയ്ക്ക് പുറത്ത് ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെ അറസ്റ്റ് ചെയ്ത ഹർഷിദ്, അഭിറാം എന്നിവർ 26 വരെ റിമാൻഡിലാണ്. പ്രതികള്‍ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. വധശ്രമത്തിന് പുറമേ പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിരുന്നു.
സംഭവത്തിൽ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഏതെങ്കിലും ലഹരി കടത്ത് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.