നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 383 ആളുകൾ; അഞ്ച് പേ‌‍ർ ഐസിയുവില്‍, പാലക്കാട് 4 പേര്‍ ഐസൊലേഷനില്‍…

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകിച്ച പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികളുമായി ബന്ധപ്പെട്ട സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, നിപ രോഗ ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടരുന്ന യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം.

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, 2 പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് 4 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തി വരുന്നു. ഐസൊലേഷനിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ കൂടിയാല്‍ അത് മുന്നില്‍ കണ്ട് കൂടുതല്‍ ഐസിയു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

Back to top button