മൂലമറ്റത്ത് ട്രാന്‍സ്‌ഫോര്‍മറുകളിലെ ഫ്യൂസ് ഊരി തോട്ടിലെറിഞ്ഞു….ശേഷം വ്യാപക മോഷണം…
ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഓഫാക്കിയും ഊരി തോട്ടിൽ എറിഞ്ഞും വൈദ്യുതി മുടക്കിയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. തൊടുപുഴ മൂലമറ്റം റൂട്ടിൽ കുടയത്തൂര്‍ കോളപ്ര മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വ്യാപക മോഷണം നടന്നത്. ആസൂത്രിതമായിട്ടുള്ള മോഷണ ശ്രമമാണ് നടന്നത്. കോളപ്ര ഹൈസ്‌കൂള്‍ ജങ്ഷനിലുള്ള കല്ലംമാക്കല്‍ സ്റ്റോഴ്‌സ്, കുടയത്തൂര്‍ ബാങ്ക് ജംഗ്ഷനിലുള്ള പൊന്നൂസ് ബേക്കറി, പച്ചക്കറികട , ഡാഫോഡില്‍സ് ഫാമിലി ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലായിടത്തും സ്ഥാപനങ്ങളുടെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
കല്ലംമാക്കല്‍ സ്റ്റോഴ്‌സില്‍ നിന്നും 800 രൂപയും, പച്ചക്കറി കടയില്‍ നിന്ന് 700 ഓളം രൂപയും, ഡാഫോഡില്‍സ് ഫാമിലി ഷോപ്പില്‍ നിന്ന് 3000 ത്തോളം രൂപയും നഷ്ടപ്പെട്ടു. പൊന്നൂസ് ബേക്കറിയില്‍ കയറിയ മോഷ്ടാക്കള്‍ക്ക് പണം കിട്ടിയില്ല. കടയില്‍ പണം വെച്ചിട്ടില്ലായിരുന്നു. ഇവിടെ നിന്ന് മറ്റ് സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോളപ്ര, ശരംകുത്തി, കുടയത്തൂര്‍ സരസ്വതി സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസുകള്‍ എല്ലാം ഊരി മാറ്റിയതിന് ശേഷമാണ് മോഷ്ടാക്കള്‍ പ്രദേശത്ത് എത്തിയത്.