യൂട്യൂബിലെ ആദ്യ വീഡിയോയ്ക്ക് 20 വയസ്…ഇതുവരെ കണ്ടത് 35 കോടിയിലധികം പേര്‍…
കൃത്യം 20 വര്‍ഷം മുമ്പ് ജാവേദ് കരീം എന്ന യുവാവ് ഒരു മൃഗശാലയില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് ഇത്ര വലിയ ചരിത്രമാകുമെന്ന് കരുതിക്കാണില്ല. വീഡിയോ സ്ട്രീമിംഗ് രംഗത്തെ നാഴികക്കല്ലായി മാറിയ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ആദ്യ വീഡിയോയായിരുന്നു അത്. ‘മീ അറ്റ് ദ സൂ’ എന്ന് പേരിട്ടിരിക്കുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള ആ കുഞ്ഞ് വീഡിയോ ക്ലിപ്പിന് ഇന്ന് 20 വയസ് തികഞ്ഞിരിക്കുന്നു. 2005 ഏപ്രില്‍ 24നായിരുന്നു ജാവേദ് ആ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.
കെട്ടിയടച്ച കമ്പിവേലിക്കകത്ത് നിന്ന് പുല്ല് കഴിക്കുന്ന രണ്ടാനകള്‍, സാൻ ഡിയാഗോ മൃഗശാലയിലെ ആനകളെ കുറിച്ചുള്ള ലഘുവായ വിവരണമായിരുന്നു ആ 19 സെക്കന്‍ഡ് വീഡിയോയില്‍ ഒരു ഇളംമുറക്കാരന്‍റെ തെല്ല് നാണത്തോടെ ജാവേദ് കരീം വിശദീകരിച്ചത്. വീഡിയോ പകര്‍ത്തിയതാവട്ടെ കരീമിന്‍റെ സുഹൃത്തുക്കളും. 2005 മെയ് മാസം യൂട്യൂബ് തുടങ്ങുന്നതിനും ഏറെ മുമ്പ് ചിത്രീകരിച്ചതാണ് ഈ വീഡിയോ. എന്നാല്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത തിയതി 2005 ഏപ്രില്‍ 24.