ഒരു കോടിയുടെ എംഡിഎംഎ കടത്തിയ കേസിൽ ഒന്നാം പ്രതി…യുവതി തൂങ്ങി മരിച്ച നിലയിൽ…
ഒരു കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന യുവതിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വന്ന സിടി ബൾക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം.
2022ൽ കണ്ണൂരിലേക്ക് ബംഗളൂരുവിൽ നിന്നു ടൂറിസ്റ്റ് ബസിൽ ചുരിദാർ തുണിത്തരങ്ങളുടെ ഉള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയതിനാണ് ബൾക്കീസ് പിടിയിലായത്. പാർസൽ വഴി രണ്ട് കിലോയോളം എംഡിഎംഎയാണ് കടത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്. മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.
കാപ്പാട് സിപി സ്‌റ്റോറിലെ ഡാഫോഡില്‍സ് വില്ലയില്‍ താമസിക്കുന്ന അഫ്‌സലിൻ്റെ(38) ഭാര്യയാണ് ബൾക്കീസ്. തുണിത്തരങ്ങളുടെ ബോക്‌സില്‍ എംഡിഎംഎയും ബ്രൗണ്‍ഷുഗറും കറുപ്പുമെത്തിച്ചു നല്‍കിയത് അഫ്‌സലിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ നിസാമാണെന്നു വ്യക്തമായിരുന്നു. സംഭവത്തിൽ ഇയാളെയും അറസ്റ്റ് ചെയ്തു. ഗൂഗിള്‍ പേവഴിയാണ് നിസാം ഇവരുമായിസാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.




