മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയവനെ വിധിക്ക് വിട്ടുകൊടുക്കാത്ത അച്ഛൻ…ശങ്കരനാരായണൻ വിടവാങ്ങി…
കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന് പറഞ്ഞാൽ കേരളം ഓർക്കുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം സ്വവസതിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു.
അത്രപെട്ടെന്നൊന്നും കേരളത്തിന് മറക്കാൻ കഴിയാത്ത സംഭവമായിരുന്നു കൃഷ്ണപ്രിയ കൊലക്കേസ്. 2001 ഫെബ്രവരി ഒൻപതിന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.