സെമിത്തേരിയിലെ റീൽസ് കളിക്ക് അന്ത്യം… പൂന്തോപ്പ് പള്ളി കേസിൽ നാലാമനും പിടിയിൽ… മുഴുവൻ പ്രതികളും വലയിലായി

ആലപ്പുഴ: പൂന്തോപ്പ് പള്ളിയിലെ സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാലാമനും അറസ്റ്റിൽ. ആലപ്പുഴ വലിയമരം വാർഡ് അപ്പു മൻസിലിൽ നെഹർഷാദിനെയാണ് (20) നോർത്ത് എസ്എച്ച്ഒ അരുൺ എം. ജെയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പോലീസ് വലയിലായി.

പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരിമരുന്ന് ഉപയോഗിച്ച ശേഷം യുവാക്കളുടെ സംഘം കുരിശിൽ തലകീഴായി കിടന്നും മറ്റും റീൽസ് ചിത്രീകരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വീരപരിവേഷം നേടാനായിരുന്നു കറുത്ത വസ്ത്രങ്ങളണിഞ്ഞുള്ള ഈ സാഹസമെന്ന് പോലീസ് പറഞ്ഞു. പള്ളി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസിൽ (18) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള അതിക്രമവും ലഹരിമരുന്ന് ഉപയോഗവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരം പ്രവൃത്തികൾ ചെയ്തതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

Related Articles

Back to top button