ഫേസ്ബുക്കിന്‍റെ അവസാനമോ….സക്കർബർഗും ആശങ്കാകുലനാണ്….
ഫേസ്ബുക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ആപ്പായിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ എഫ്‌ബിയുടെ ജനപ്രീതി മുമ്പത്തേക്കാൾ വളരെയധികം കുറഞ്ഞു. വാട്‌സ്ആപ്പിനെയും ഇൻസ്റ്റഗ്രാമിനെയും അപേക്ഷിച്ച് ഇപ്പോൾ ഫേസ്ബുക്കിന്‍റെ തിളക്കം കൂടുതല്‍ മങ്ങുകയാണ്. ഫേസ്ബുക്കിന്‍റെ സ്വാധീനം ഇപ്പോൾ മുമ്പത്തെപ്പോലെ അല്ലെന്ന് നിങ്ങൾക്കും തോന്നുന്നുവെങ്കിൽ അത് ഒറ്റപ്പെട്ട അഭിപ്രായമല്ല. ആളുകൾക്കിടയിൽ ഫേസ്ബുക്കിന്‍റെ ജനപ്രീതി കുറയുന്നതിൽ എഫ്‌ബിയുടെ മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗും ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് ബിസിനസ് ഇന്‍സൈഡര്‍ പുറത്തുവിട്ട വിവരങ്ങള്‍.
2022 ഏപ്രിലിൽ ഫേസ്ബുക്കിന്‍റെ തലവനായ ടോം അലിസണ് മാര്‍ക് സക്കര്‍ബര്‍ഗ് കൈമാറിയ ആന്തരിക ഇമെയിലുകൾ ഈ ആഴ്ച മെറ്റയ്‌ക്കെതിരായ ഫെഡറൽ ട്രേഡ് കമ്മീഷന്റെ ആന്‍റിട്രസ്റ്റ് കേസിനിടെ കോടതിയിൽ ഹാജരാക്കപ്പെട്ടു. മെറ്റയ്‌ക്കെതിരെ ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) നടത്തുന്ന കേസിനിടെയാണ് ടോം- മാര്‍ക് സംഭാഷണങ്ങള്‍ ഉൾപ്പെട്ട രേഖകൾ പുറത്തുവന്നത്. ഫേസ്ബുക്കിന്‍റെ ഉപയോക്തൃ ഇടപെടൽ പല മേഖലകളിലും സ്ഥിരതയോടെ തുടരുമ്പോഴും അതിന്‍റെ വിശാലമായ സാംസ്‍കാരിക സാന്നിധ്യം കുറഞ്ഞുവരികയാണെന്ന് സക്കർബർഗ് ഈ ഇമെയിലുകളിൽ സമ്മതിക്കുന്നു. ധാരാളം ആളുകൾ ഇപ്പോഴും വിവിധയിടങ്ങളില്‍ ആപ്പ് വഴി ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്നുണ്ടെങ്കിലും അതിന്‍റെ പ്രാധാന്യം ഇപ്പോൾ കുറഞ്ഞുവരികയാണെന്ന് സക്കർബർഗ് പറയുന്നു. ഇൻസ്റ്റാഗ്രാമും വാട്‌സ്‌ആപ്പും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആളുകൾക്ക് അവ വളരെ ഇഷ്ടപ്പെട്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.