പൂട്ടിയിട്ട വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു…

തിരുവനന്തപുരം: വെള്ളറടയിൽ പൂട്ടിയിട്ട വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു. ചെറിയകൊല്ല മുത്തുപറമ്പിൽ ഹൗസിൽ ആന്‍റണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വിദേശത്തായിരുന്ന മക്കള്‍ കൊണ്ടുവന്ന സാധനങ്ങള്‍ ബന്ധു ഗൃഹങ്ങളില്‍ എത്തിക്കുന്നതിനായി കുടുംബമായി പോയ സംഘം മടങ്ങി വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങൾ, വെള്ളി അരഞ്ഞാണം, വിദേശത്തു നിന്ന് കൊണ്ടുവന്ന പെര്‍ഫ്യൂം അടക്കമുള്ള സാധനങ്ങള്‍ കവര്‍ന്നു. വീട്ടിലുണ്ടായിരുന്ന അലമാരകളെല്ലാം കുത്തി തുറന്ന് തകര്‍ത്ത നിലയിലായിരുന്നു. വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ബാഗിലാണ് മോഷ്ടാക്കള്‍ സാധനം നിറച്ച് കടന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകിയതോടെ വെള്ളറട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫിംഗര്‍പ്രിന്‍റ് വിദഗ്ധരും ഡോഗ്‌സ്‌കോഡും അടക്കമുള്ള സംഘം ആന്റണിയുടെ വീട്ടിലെത്തി വിശദമായ പരിശോധനകളും തെളിവെടുപ്പും നടത്തി.

Related Articles

Back to top button