അവനവൻ കുഴിച്ചകുഴിയിൽ അവൻ തന്നെ വീഴും… ഹോട്ടൽ മാലിന്യങ്ങൾ റോഡരികിൽ തള്ളി… കുറ്റക്കാരെ കണ്ടെത്തിയത്…
റോഡരികിൽ വ്യാപകമായി ഹോട്ടൽ മാലിന്യം തള്ളിയ കുറ്റക്കാർക്കെതിരെ നടപടിയെടുത്ത് അധികൃതർ. അളഗപ്പനഗർ, പുതുക്കാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കാളക്കല്ല് മാട്ടുമലയിലാണ് സംഭവം. ഇരുപതോളം പ്ലാസ്റ്റിക് ചാക്കുകളിലായാണ് ഹോട്ടൽ, കാറ്ററിങ് മാലിന്യങ്ങൾ തള്ളിയത്. ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും വരന്തരപ്പിള്ളി, പുതുക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷണ സാധനം ചീഞ്ഞ് പ്രദേശത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടുണ്. ഭക്ഷണ മാലിന്യം മണ്ണിൽ കലർന്ന നിലയിലാണുള്ളത്. റോഡിലൂടെ നാട്ടുകാർക്ക് പോകാൻ പറ്റാത്ത രീതിയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യത്തിൽ നിന്നും കണ്ടെത്തിയ ചില ബില്ലുകളിൽ നിന്നും ഹോട്ടൽ ഏതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് കുറ്റക്കാരെ കണ്ടെത്തിയത്. ഹോട്ടലുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യാൻ കരാർ എടുത്തവരാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തി. 25,000 രൂപ പിഴ നൽകണമെന്നും മാലിന്യം നീക്കം ചെയ്യണമെന്നും അധികൃതർ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.