തെരുവിൽ കഴിയുന്നയാൾക്ക് എല്ലിൻകഷ്ണങ്ങൾ നൽകി; ഇൻഫ്ലുവൻസറെ രൂക്ഷമായി വിമർശിച്ച് കോടതി

സോഷ്യൽ മീഡിയയിൽ ലൈക്കിനും, വ്യൂവിനും വേണ്ടി മറ്റുള്ളവരെ സഹായിക്കുന്ന വീഡിയോ ഷെയർ ചെയ്യുന്ന ഒരുപാടാളുകളുണ്ട്. അതുപോലെ തന്നെ അവരുടെ അവസ്ഥയെ അപഹസിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവരുമുണ്ട്. അത്തരക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി വന്നിരിക്കയാണ് മലേഷ്യൻ കോടതി. തെരുവിൽ കഴിയുന്ന പാവപ്പെട്ട മനുഷ്യനെ അപമാനിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 23 വയസ്സുകാരനായ ടാങ് സീ ലുക്ക് എന്ന ഇൻഫ്ലുവൻസർക്ക് 40,000 മലേഷ്യൻ റിംഗിറ്റ് (ഏകദേശം 9.2 ലക്ഷം ഇന്ത്യൻ രൂപ) പിഴയായി വിധിച്ചിരിക്കയാണ് കോടതി.
2025 ഓഗസ്റ്റിലാണ് വിവാദമായ വീഡിയോ ടാങ് തന്റെ ഇൻസ്റ്റാഗ്രാം, ഡൂയിൻ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ‘ഇന്ന് നമ്മൾ ഒരു പുണ്യപ്രവൃത്തി ചെയ്യാൻ പോകുന്നു’ എന്ന മുഖവുരയോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. തുടർന്ന് മൂന്ന് കൗമാരക്കാർ കെഎഫ്സി ചിക്കൻ കഴിക്കുന്നതും, അതിനുശേഷം അവശേഷിച്ച എല്ലിൻ കഷ്ണങ്ങൾ കളയാതെ ചോറിൽ കലർത്തി പൊതിഞ്ഞ് തെരുവിൽ കഴിയുന്ന ഒരു സാധുമനുഷ്യന് നൽകുന്നതുമാണ് വീയോയിലുള്ളത്. ഈ ക്രൂരമായ പ്രവർത്തി ‘കാരുണ്യം’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു.
വിഷയം കോടതിയിലെത്തിയപ്പോൾ, ഇതൊരു ജീവകാരുണ്യ പ്രവർത്തിയല്ലെന്നും, മറിച്ച് മനുഷ്യന്റെ കഷ്ടപ്പാടുകളെ വിനോദത്തിനായി ചൂഷണം ചെയ്യുന്ന രീതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. താൻ അപമാനിക്കപ്പെട്ടുവെന്നും, വലിയ ദേഷ്യം തോന്നിയെന്നും ഇരയായ വ്യക്തിയും മൊഴി നൽകി. ടാങ് കോടതിയിൽ കുറ്റം സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തെങ്കിലും, ഇത്തരം പ്രവണതകൾ തടയാൻ കർശനമായ ശിക്ഷ തന്നെ വേണമെന്ന് ജഡ്ജി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം തടവ് അനുഭവിക്കണമെന്നായിരുന്നു വിധി. വിധി വന്നതിന് പിന്നാലെ ടാങ് പിഴ തുക അടച്ചു.
വീഡിയോ ഡിലീറ്റ് ചെയ്ത ടാങ് ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി മാപ്പ് പറഞ്ഞു. എന്നാൽ ആളുകളുടെ രോഷം അടങ്ങിയില്ല. ‘ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത പ്രായമൊന്നുമല്ല നിനക്ക്. ഒരു മനുഷ്യന് എല്ലിൻ കഷ്ണങ്ങൾ നൽകുന്നത് കണ്ടന്റ് അല്ല, മറിച്ച് വലിയ അവഹേളനമാണ്. നിന്നെ ഫോളോ ചെയ്യുന്നവരോടല്ല, നീ ആ പാവപ്പെട്ട മനുഷ്യനോടാണ് നേരിട്ട് പോയി മാപ്പ് പറയേണ്ടത്’ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.



