ലിവ് ഇൻ ബന്ധത്തിലും ഭാര്യ പദവി നൽകണം;  വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കോടതി

ലിവ് ഇൻ ബന്ധങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ ‘ഭാര്യ’ പദവി നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ യുവാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി വിധി. വിവാഹിതരായ സ്ത്രീകൾക്കുള്ള നിയമപരമായ പരിരക്ഷ ലിവ്-ഇൻ ബന്ധങ്ങൾക്ക് ഇല്ലാത്തതിനാൽ, ഈ സ്ത്രീകളെ സംരക്ഷിക്കേണ്ട കടമ കോടതികൾക്കുണ്ടെന്ന് ജസ്റ്റിസ് എസ് ശ്രീമതി ഊന്നിപ്പറഞ്ഞു.

തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറൈ ഓൾ വുമൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ശ്രീമതി ഈ നിരീക്ഷണം നടത്തിയത്. യുവാവും,  യുവതിയും ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയ ശേഷം പലതവണ യുവാവ് യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആധുനിക ബന്ധങ്ങളിൽ സ്ത്രീകളെ സംരക്ഷിക്കേണ്ട കടമ കോടതികൾക്കുണ്ടെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജഡ്ജി പറഞ്ഞു. നിയമത്തിലെ പഴുതുകൾ മുതലെടുത്ത് ബന്ധം വഷളാകുമ്പോൾ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് ഉപക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ജഡ്ജി വിലയിരുത്തി. വ്യാജ വിവാഹ വാഗ്ദാനം സംബന്ധിച്ച ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ സെക്ഷൻ 69 ആണ് യുവാവിനെതിരെ ചുമത്തിയത്.

ഇന്ത്യയിൽ ലിവ്-ഇൻ ബന്ധങ്ങളെ ‘സാംസ്കാരിക ആഘാതം’ ആയി കണക്കാക്കാമെങ്കിലും ഇപ്പോൾ അവ സാധാരണമായി മാറിയിരിക്കുന്നുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നിരവധി യുവതികൾ അത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നു. എന്നാൽ വിവാഹത്തിൽ ലഭ്യമാകുന്ന സംരക്ഷണം ഈ ബന്ധങ്ങളിൽ ലഭിക്കില്ലെന്ന് പിന്നീടാണ് ഇവർ മനസ്സിലാക്കുന്നത്. ബിഎൻഎസിലെ സെക്ഷൻ 69 പ്രകാരം പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്ന് വിലയിരുത്തിയ കോടതി യുവാവിന് മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. അതേസമയം വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ശ്രീമതി ഊന്നിപ്പറഞ്ഞു.

Related Articles

Back to top button