തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ അന്ത്യവിശ്രമവും ഒന്നിച്ച്…
The couple who died in a road accident in Thiruvananthapuram were laid to rest together...
തിരുവനന്തപുരം: പോത്തൻകോട് വാഹനാപകടത്തിൽ ദമ്പതിമാർക്ക് നാടിന്റെ അന്ത്യാജ്ഞലി. സേഫ്റ്റി ഓഫീസറായ ദിലീപിന് പ്രമോഷൻ ലഭിച്ച് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തവും തേടിയെത്തിയത്. വിവാഹം കഴിഞ്ഞ് നാല് വർഷങ്ങളായിരുന്നെങ്കിലും ഇവരുവരും തമ്മിൽ കാണുന്നത് വർഷത്തിലൊരിക്കൽ മാത്രമായിരുന്നു. ഒരുമാസം മുമ്പ് ലീവിനെത്തിയതിന് ശേഷം പ്രമോഷൻ ലഭിച്ചതിന്‍റെ ആഘോഷങ്ങൾക്കിടയൊണ് പോത്തൻകോട് അയിരൂപ്പാറ അരുവിക്കരക്കോണം ദിവ്യാ ഭവനിൽ ജി.ദിലീപ് (40), ഭാര്യ നീതു (30) എന്നിവരുടെ ജീവൻ അപ്രതീക്ഷിതമായെത്തിയ അപകടം കവർന്നെടുത്തത്. ചുരുക്കം നാളുകൾ മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഇരുവരും അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ഒരുമിച്ച് യാത്രയായി. കോവിഡ് കാലത്തായിരുന്നു ഇരുവരും വിവാഹിതരായത്. വർഷങ്ങളായി ദിലീപ് കെനിയയിൽ സേഫ്റ്റി ഓഫിസറായിരുന്നു. വിവാഹ ശേഷം ഒന്നു രണ്ടു വട്ടം വന്നു പോയി. നാട്ടിലെത്തുമ്പോൾ ഏതു യാത്രയിലും ദിലീപ് നീതുവിനെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. നീതു സമീപത്തെ ഒരു ഭക്ഷണ സംസ്കരണശാലയിലെ ജീവനക്കാരിയായിരുന്നു. തിരിച്ച് മടങ്ങാനുള്ള ഒരുക്കൾ നടക്കുന്നതിനിടെ ഭാര്യയുടെ വീട്ടിലേക്ക് പോയി മടങ്ങിയ യാത്രയാണ് ഇരുവരുടേയും അവസാന യാത്രയായിമാറിയത്. കെനിയയിൽ നിന്നും പ്രമോഷൻ ലഭിച്ച് ജോർജ്ജിയയിലേക്കായിരുന്നു അടുത്ത പോസ്റ്റിങ്. ഇവിടേക്ക് പോകുന്നതിനുള്ള തയാറെടുപ്പുകളിലായിരുന്നു ദിലീപ്. ശനിയാഴ്ച രാത്രി പോത്തൻകോട് പൗഡിക്കോണം റോഡിൽ എതിർദിശയിൽ നിന്നു വന്ന ബൈക്കിന്‍റെ അമിത വേഗമാണ് ദമ്പതികളുടെ ജീവൻ നഷ്ടപ്പെടുത്തിയത്. ബൈക്കോടിച്ച യുവാക്കളും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.