പേവിഷബാധയേറ്റ് മരിച്ച ശ്രാവണിന് കണ്ണീരോടെ വിട നൽകി നാട്…
ആലപ്പുഴ: ആലപ്പുഴ ചാരുംമൂട് പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച 11 വയസുകാരന് കണ്ണീരിൽ കുതിർന്ന വിട നൽകുകയാണ് നാട്. ഷീജ ബിനിൽ ദമ്പതികളുടെ മകൻ സാവൻ ബി കൃഷ്ണയാണ് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സാവന്റെ മൃതദേഹം ചാരുംമൂട്ടിലെ വീട്ടിലെത്തിച്ചു. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു സംസ്കാരം.
ഫെബ്രുവരി ആറിനായിരുന്നു പേ വിഷബാധയുടെ ലക്ഷണങ്ങളോടെ സാവൻ എന്ന പതിനൊന്നു വയസ്സുകാരനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ, കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും അവൻ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും കൂട്ടുകാരും നാട്ടുകാരുമൊക്കെ. എന്നാൽ ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിച്ചു.