മുനമ്പത്തെ ഭൂമി വഖഫെന്ന് ആവർത്തിച്ച് സംരക്ഷണ സമിതി….
മുനമ്പം ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി വിൽപ്പന നടത്താൻ അനുവാദമില്ല. നിയമ വിരുദ്ധമായി ഭൂമി വിൽപ്പന നടത്തിയതിൽ ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ മറുപടി പറയണമെന്നും സംരക്ഷണ സമിതി ഭാരവാഹി അൽത്താഫ് ഇന്ന് കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സാങ്കേതിക പ്രശ്നമല്ല വലുത് വഖഫാണെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് എല്ലാവർക്കും മനസിലായതാണ്. ഇക്കാര്യത്തിൽ ഫറൂഖ് കോളേജ് ഇതുവരെയായിട്ടും സംസാരിച്ചിട്ടില്ല. ഫാറൂഖ് കോളേജിൻ്റെ വഖഫ് ഭൂമി വേറെയും അന്യാധീനപ്പെട്ടിട്ടുണ്ടെന്നും അൽത്താഫ് പറഞ്ഞു. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ഇന്ന് പരിഗണിച്ചിരുന്നു. കേസിൽ വഖഫ് സംരക്ഷണ സമിതിയും ഫാറൂഖ് കോളേജിന് ഭൂമി വിട്ടുനൽകിയ സത്താർ സേഠിൻ്റെ കുടുംബവും ഇന്ന് ട്രൈബ്യൂണലിൽ ഹാജരായി കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടു. കേസ് ഡിസംബർ ആറിന് പരിഗണിക്കാനായി മാറ്റി.