ഒടുവിൽ ‘കൈ’ കൊടുത്ത് ഹൈക്കമാൻഡ്…നിലമ്പൂരിൽ സ്ഥാനാർഥിയായി എത്തുന്നത്…
ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കി. നേരത്തെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചിരുന്നു. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.
ദീർഘകാലം നിലമ്പൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. 2016ൽ നിലമ്പൂരിൽ പി വി അൻവറിനോട് ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. സാംസ്കാരിക പ്രവർത്തകൻ കൂടിയായ ആര്യാടൻ ഷൗക്കത്തിനെ വീണ്ടും നിലമ്പൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. പ്രദേശത്തെ മുസ്ലിം സംഘടനകൾക്ക് ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് താൽപര്യമില്ലെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു. അതിനാൽ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നായിരുന്നു അൻവറിൻ്റെ നിലപാട്. എംഎൽഎ സ്ഥാനം രാജിവെച്ച ഉടനെ തന്നെ ഇനി നിലമ്പൂരിൽ മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് വി എസ് ജോയ് സ്ഥാനാർത്ഥിയായി വരുന്നത് കോൺഗ്രസിൻ്റെ വിജയസാധ്യത കൂട്ടുമെന്നും അൻവർ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് നേരത്തെ പി വി അൻവർ പറഞ്ഞിരുന്നു. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അൻവർ വ്യക്തമാക്കിയിരുന്നു.