18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ ഉത്‌ഘാടനം  21ന്

കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉത്‌ഘാടനം  ജനുവരി 21ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം നിർവ്വഹിക്കും. തൊഴിലും,  നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

തൊഴിൽ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവർക്കും വിവിധ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കുമുള്ള സാമ്പത്തിക കൈത്താങ്ങാണിത്. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുമാണ് ആനുകൂല്യത്തിന് അർഹത.

പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരും വാർഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക്  പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ eemployment.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button