മുഖ്യമന്ത്രി കത്ത് എഴുതേണ്ടത് ഗവർണർക്കല്ല, ഗവർണർമാരെ നിയമിക്കുന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിയ്ക്കുമാണ്..
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇവിടെ ഇരട്ട ചങ്കൊക്കെ ഉണ്ടാകുമെന്നും പക്ഷേ മോദിയുടെ മുന്നിലെത്തുമ്പോൾ മുട്ടുവിറയ്ക്കുമെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. കേന്ദ്ര ഏജൻസികളുടെ അന്വേഷണമൊക്കെ എവിടെപ്പോയി. എന്തിനാണ് തൃശ്ശൂർ പൂരം കലക്കിയത്. തൃശ്ശൂരിൽ ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണെന്നും കെസി വേണുഗോപാൽ ചോദിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആര്യടൻ ഷൗക്കത്ത് എംഎൽഎയ്ക്ക് സ്വീകരണം നൽകുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെസി.
ഭാരതാംബ വിവാദത്തിലും പ്രതികരിച്ച കെസി, ഈ ഗവർണറെ മാറ്റണമെന്ന് പറയാൻ പിണറായിക്ക് ധൈര്യമുണ്ടോയെന്നും ചോദിച്ചു. അല്ലാതെ കണ്ണിൽ പൊടിയിടാൻ കത്ത് കൊടുത്തിട്ട് കാര്യമില്ല. ഈ കൂട്ടുകെട്ട് എല്ലാവർക്കും മനസ്സിലാവും. മുഖ്യമന്ത്രി കത്ത് എഴുതേണ്ടത് ഗവർണർക്ക് അല്ല. ഗവർണർമാരെ നിയമിക്കുന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിയ്ക്കുമാണ്. അതിന് ധൈര്യം ഉണ്ടോയെന്നും കെസി വേണുഗോപാൽ ചോദിച്ചു
കേരള തീരത്തെ എംഎസ്സി കപ്പലപകടത്തിൽ 15 ദിവസം കഴിഞ്ഞാണ് സർക്കാർ കേസ് എടുത്തത്. കപ്പലപകടത്തെ തുടർന്ന് തീരത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളാണ്. പ്രതിപക്ഷം പ്രതിഷേധിച്ചപ്പോഴും, ഹൈക്കോടതി വിധി വന്നപ്പോഴുമാണ് നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്. അദാനിയെ സുഖിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. ദത്താത്രേയ ഹൊസബളയല്ല, ആയിരം നരേന്ദ്രമോദി മാർ വന്നാലും ആ ഭരണഘടനയിൽ എഴുതിവെച്ചത് മാറ്റാൻ സമ്മതിക്കില്ല. കോൺഗ്രസിലെ ഐക്യം തകർക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്. ഇങ്ങനെ പോയാൽ 100 സീറ്റ് നേടുമെന്ന് എതിരാളികൾ ഭയപ്പെടുന്നു. അതിനുവേണ്ടിയാണ് കോൺഗ്രസിനേയും യുഡിഎഫിന്റെയും ഐക്യം തകർക്കാൻ അവർ ശ്രമിക്കുന്നത്. അതിനുള്ള അവസരം കോൺഗ്രസുകാർ ഉണ്ടാക്കി കൊടുക്കരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു