ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം ഉണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം സഭയില്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദുരിതാശ്വാസ നിധിയില്‍ തുക വിതരണത്തെ കുറിച്ചും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 2011-16 കാലത്ത് ഉത്തരവായിട്ടും 29930 അപേക്ഷകള്‍ നല്‍കിയില്ല. 2016ല്‍ വന്ന സര്‍ക്കാരാണ് അതില്‍ 36 കോടി രൂപ അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

ചൂരല്‍മല ദുരന്തത്തില്‍ കോണ്‍ഗ്രസും,  ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വീടുകള്‍ നിര്‍മിക്കുക എന്നതായിരുന്നു ആദ്യത്തെ ധാരണ. അതില്‍നിന്ന് മാറിയാണ് ഈ രണ്ട് കൂട്ടരും സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചത്. അതൊന്നും നേരത്തെ ഉണ്ടായിരുന്ന ധാരണയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 അതേസമയം പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാതിരുന്നതിന് പിന്നാലെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. അടിയന്തരപ്രമേയമായി ഉന്നയിക്കേണ്ട വിഷയമായി ഇത് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു. വിഷയം വേണമെങ്കില്‍ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ നിർദ്ദേശിച്ചു .

അടിയന്തര പ്രമേയം തള്ളിയ വിഷയത്തില്‍ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പിന്നാലെ ബഹളം വെച്ചാല്‍ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാനാവില്ലെന്ന് സ്പീക്കര്‍ പറയുകയും അങ്ങനെ പറയേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമായി പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ് അതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിന് പ്രാധാന്യമില്ല എന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

Related Articles

Back to top button