ഹൈക്കോടതി വെറുതേവിട്ട വ്യക്തിയെ വീണ്ടും പ്രതിയാക്കിയ കുറ്റപത്രം… ഭരണഘടന ലംഘനമെന്ന് ഹർജി….
മാവേലിക്കര : ഹൈക്കോടതി വെറുതേവിട്ട വ്യക്തിയെ തുടരണ്വേഷണത്തിൽ വീണ്ടും പ്രതിയാക്കിയ പൊലീസ് നൽകിയ കുറ്റപത്രം ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹർജി. 2014 ജൂൺ 18ന് നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിഥി തൊഴിലാളിയായ മുഹമ്മദ് ഖാലിയ കൊല്ലപ്പെട്ട കേസിൽ സഞ്ജയ് ഓറേ എന്നയാളെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്യുകയും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി വിധിക്കെതിരെ പ്രതിഭാഗം നൽകിയ അപ്പീലിൽ ഹൈക്കോടതി പ്രതിയുടെ ശിക്ഷ റദ്ദാക്കുകയും പ്രതിയെ വിട്ടയക്കുകയും ചെയ്തിരുന്നു.
തുടർന്ന് കേസിൻ്റെ നിജസ്ഥിതി സംസ്ഥാന പൊലീസ് മേധാവി മുഖാന്തിരം അന്വേഷിക്കാൻ ഹൈക്കോടതിയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി വെറുതെ വിട്ട പ്രതിയെ തന്നെ പ്രതിയാക്കി പൊലീസ് വീണ്ടും ചാർജ്ജ് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി സമർപ്പിച്ച ഈ കുറ്റപത്രം ഭരണഘടനയുടെ 20-ാം അനുച്ഛേദത്തിൻ്റെ ലംഘനവും, ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റവും, നിയമലംഘ നവുമാണെന്ന് ആരോപിച്ച് പ്രതിയെ കുറ്റവിമുക്തനാക്കണമെന്ന് ഹർജി നൽകുകയായിരുന്നു. ഹൈകോടതി വെറുതേവിട്ട പ്രതിയെ രണ്ടാമത് അതേ കേസിൽ വിചാരണ ചെയ്യതക്കതല്ലെന്ന പ്രതിഭാഗം വാദം കേട്ട മാവേലിക്കര അഡീഷ ണൽ ജില്ലാ കോടതി ജഡ്‌ജി ശ്രീദേവി കേസ് കൂടുതൽ വാദം കേൾക്കുന്നതിനും തെളിവ് ഹാജരാക്കുന്നതിനും വേണ്ടി ഓഗസ്റ്റ് 1ന് അവധിക്ക് വെച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ജേക്കബ് ഉമ്മൻ, നൈനാൻ തോമസ്, സി.ഒ.രാജൻ, ജിബിൻ ജോർജ്ജ്, സ്നേഹ.എസ് എന്നിവർ ഹാജരായി.