വ്യക്തമായ ഭൂരിപക്ഷം ലഭിക്കാൻ സാധ്യത കുറവ്… ഇത്തവണയും 9 + 9 + 9 +1 സാധ്യത… വാർഡുകളിലെ ജയപരാജയങ്ങൾ മാറും…

മാവേലിക്കര- ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനം പൂർത്തിയാകുമ്പോൾ മാവേലിക്കര നഗരസഭയിലെ 28 വാർഡുകളിലേയും സ്ഥാനാർത്ഥികളുടെ പ്രവർത്തനവും ജനങ്ങളുടെ പ്രതീക്ഷകളും നൽകുന്ന സൂചനകൾ നാല് ദിവസങ്ങളായി 140 ന്യൂസ് പ്രസിദ്ധീകരിക്കുകയാണ്. ഒരോ വാർഡുകളിലും ഞങ്ങളുടെ റിപ്പോർട്ടർ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളാണ് വായനക്കാരുടെ മുന്നിൽ എത്തിക്കുന്നത്. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക മേഖലയിലെ വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കാൻ ഞങ്ങൾ സമീപിച്ചത്.
വാർഡ്-22, പൊന്നാരംതോട്ടം
കോൺഗ്രസിൽ നിന്ന് ഉദയഭാനുവും ബി.ജെ.പിയിൽ നിന്ന് രാജനും ശക്തമായ മത്സരം കാഴ്ചവെക്കുന്ന വാർഡിൽ സി.പി.ഐയുടെ അഡ്വ.ബിജി.കെയാണ് ഇടത് സ്ഥാനാർത്ഥി. കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തുന്ന വാർഡ് പിടിച്ചെടുക്കാനാണ് ബി.ജെ.പിയും ഇടതുപക്ഷവും ശ്രമിക്കുന്നത്.
വാർഡ്-23, കോട്ടയ്ക്കകം
സിറ്റിംഗ് കൗൺസിലർ ബി.ജെ.പിയിലെ സുജാത ദേവിയാണ് ഇവിടെ വീണ്ടും മത്സരിക്കുന്നത്. ദീർഘകാലം മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് കല്ലുമല രാജന്റെ ഭാര്യ ശ്രീകല കല്ലുമല രാജനെയാണ് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഇടതുപക്ഷത്ത് നിന്ന് അഡ്വ.ഉമ.എസ് ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.
വാർഡ്-24, മുൻസിപ്പൽ ഓഫീസ്
നഗരസഭ മുൻ ചെയർപേഴ്സണും സിറ്റിംഗ് കൗൺസിലറുമായ ലളിതാ രവീന്ദ്രനാഥ് കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുകയാണ്. ബന്ധുബലം കൊണ്ട് വാർഡിൽ ശക്തയാണ് ലളിതാ രവീന്ദ്രനാഥ്. എന്നാൽ കോൺഗ്രസ് റിബലായി ശ്രീകുമാർ ഇവിടെ മത്സരരംഗത്തുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥി ഹരികുമാർ ലളിതാ രവീന്ദ്രനാഥിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. സി.പി.ഐയിലെ രാജീവ് ആണ് ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥി.
വാർഡ്-25, കൊച്ചിക്കൽ
കോൺഗ്രസിന് റിബൽ സ്ഥാനാർത്ഥിയുള്ള മറ്റൊരു വാർഡാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ രമേഷ് കുമാർ വിജയത്തിനപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല. ബി.ജെ.പിയിലെ പി.പ്രമോദ് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. സി.പി.എം സ്ഥാനാർത്ഥി എ.എ അക്ഷയും സ്വതന്ത്രനായി മത്സരിക്കുന്ന ബിജുവും കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
വാർഡ്-26, പനച്ചമൂട്
ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിൽ ഇത്തവണ രഞ്ജിനി.എസ് ആണ് ബി.ജെ.പി സ്ഥാനാർത്ഥി. മുൻ കൗൺസിലർ രാജേഷിന്റെ സഹോദര ഭാര്യ എന്ന നിലിയിലുള്ള സ്വീകാര്യതയും ഇവർക്ക് വാർഡിൽ ലഭിക്കുന്നുണ്ട്. കോൺഗ്രസിലെ ചിത്ര ഗോപാലകൃഷ്ണനാണ് ഇവർക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. ഇടത് സ്ഥാനാർത്ഥിയായി റെയ്മോൾ എബ്രഹാമും ബി.ജി.പി വിമതയായി ബിന്ദു സതീഷും മത്സരരംഗത്തുണ്ട്. എൻ.എസ്.എസ്, ചെട്ടിയാർ സമുദായ വോട്ടുകളാണ് വാർഡിൽ കൂടുതലായി ഉള്ളത്.
വാർഡ്-27, കണ്ടിയൂർ തെക്ക്
സിറ്റിംഗ് കൗൺസിലർ ഉമയമ്മ വിജയകുമാർ വിജയം ഉറപ്പിച്ചുള്ള പോരാട്ടമാണ് കാഴ്ചവെക്കുന്നത്. എന്നാൽ ഇവർ ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് സി.പി.എം സ്ഥാനാർത്ഥി വിജയമ്മ. യു.ഡി.എഫ് സ്ഥാനാർത്ഥി റീന മാത്യുവും മത്സരരംഗത്ത് സജീവമാണ്.
വാർഡ്-28, തട്ടാരമ്പലം
മുൻ കൗൺസിലറും സിറ്റിംഗ് കൗൺസിലർ പുഷ്പാ സുരേഷിന്റെ ഭർത്താവുമായ സി.സുരേഷ് ആണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി. സി.പി.എം വിട്ട മുൻ പാർട്ടി ലോക്കൽ കമ്മറ്റി അംഗവും സെന്റ് ജോൺസ് സ്കൂൾ മുൻ മാനേജറുമായ ഷിബു പുത്തൻമഠം ആണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി. രണ്ട് പേർക്കും ശക്തമായ വെല്ലുവിളി തീർത്തുകൊണ്ട് ബി.ജെ.പി സ്ഥാനാർത്ഥി ഹരികുമാറും മത്സരരംഗത്തുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ എൻ.എസ്.എസ്, വീരശൈവ വോട്ടുകളും നിർണ്ണായക സ്വാധീനം ചെലുത്തുന്ന വാർഡാണ്.




