കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു, ദ്രോഹിക്കാൻ എന്ത് പാതകമാണ് കേരളം ചെയ്തത്; കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിന് കിട്ടാനുള്ള തുക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കടമെടുപ്പ് പരിധിയിൽ വലിയ വെട്ടിക്കുറവുണ്ടായെന്നും ഇത് സംസ്ഥാനത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രിയെ അറിയിച്ചതായി ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി ധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ട കാര്യങ്ങൾ വീണ്ടും ധരിപ്പിച്ചു. തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. ഐജിഎസ്ടി വലിയ കുറവ് വരുന്നു എന്ന കാര്യം അറിയിച്ചു. സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുത്താൻ ശ്രമം നടന്നു. ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഉണ്ടായ സംസ്ഥാനമായി കേരളം മാറി. ജിഎസ്ടി പെർഫോമൻസിലും കേരളം ആദ്യ അഞ്ചിലാണ് ഉള്ളത്. സംസ്ഥാനത്തിന് അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്. കേരളത്തെ ദ്രോഹിക്കാൻ എന്ത് പാതകമാണ് ചെയ്തത്. കോൺഗ്രസ് സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുകയാണ് ചെയ്തത്. ബിജെപി പ്രചാരണം നടത്തുന്നതുപോലെ 125 ദിവസം തൊഴിൽ കൊണ്ടുവരില്ല. ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാൽ കേരളത്തിലെ ജനങ്ങൾ മുട്ടുമടക്കില്ല. കേരളത്തിന് ലഭിക്കാനുള്ള കാര്യങ്ങൾ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.




