കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിക്കുന്നു… വിദേശ സഹായം സ്വീകരിക്കുന്നതിൽ മഹാരാഷ്ട്രക്ക് മാത്രം അനുമതി നൽകി കേന്ദ്ര നടപടി…

വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വിമർശിച്ചു. വിദേശ സഹായം സ്വീകരിക്കാൻ മഹാരാഷ്ട്രക്ക് മാത്രം അനുമതി നൽകിയ കേന്ദ്ര നടപടിയെ കേരളം ചോദ്യം ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകിയത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആകെ എതിർപ്പിന് ഇടയാക്കുകയാണ്.
2018 ൽ പ്രളയത്തിൽ വലിയ നഷ്ടമുണ്ടായ കേരളത്തെ സഹായിക്കാൻ ഗൾഫ് രാജ്യങ്ങളടക്കം മുന്നോട്ട് വന്നിരുന്നു. 700 കോടി രൂപ യു എ ഇ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. അന്ന് സംസ്ഥാന സർക്കാർ വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്രത്തോട് തേടിയെങ്കിലും ആഭ്യന്തര മന്ത്രാലയം ഇത് നിഷേധിച്ചു. കേന്ദ്രത്തിന്റെ ഈ നടപടി വലിയ വിവാദമായിരുന്നു. 7 വർഷത്തിനിപ്പുറം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സംഭാവന സ്വീകരിക്കാനാണ് കേന്ദ്രം, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം അനുമതി നൽകിയിരിക്കുന്നത്. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് സംഭാവന സ്വീകരിക്കാനാണ് അനുമതി. ട്രസ്റ്റായി രജിസ്റ്റർ ചെയ്തതാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. ദുരന്ത കാലത്തുപോലും അനുമതി നൽകാതെ കേരളത്തോട് കേന്ദ്രം കാണിച്ചത് വിവേചനമാണെന്നാണ് വിമർശനം. ഇക്കാര്യം ചൂണ്ടികാട്ടി ധനമന്ത്രി കെ എൻ ബാലഗോപാലടക്കം അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.



