ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത കേസ്…ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു…
കോട്ടയത്ത് അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഭർതൃ വീട്ടിൽ ക്രൂര പീഡനം ഏറ്റിരുന്നുവെന്ന് ജിസ്മോളുടെ അച്ഛനടക്കം മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അച്ഛന്റെയും സഹോദരന്റെയും മൊഴികളാണ് ആദ്യം രേഖപ്പെടുത്തിയത്. ഏറ്റുമാനൂർ പൊലീസ് ആയിരുന്നു കേസ് ആദ്യം അന്വേഷിച്ചിരുന്നത്. കേസിൽ ഭർത്താവിനെയും ഭർതൃ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ ജാമ്യത്തിലാണ്. ജിസ്‌മോളുടെയും മക്കളുടെയും മരണത്തിൽ ഭർതൃമാതാവിനും ഭർത്താവിന്റെ സഹോദരിക്കും പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. തുടർന്ന് കേസിൽ വിശദമായ അന്വേണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.